റാ-റാ-റാസ്പുട്ടിന്റെ മരണം

Posted on: 08 Jan 2011
-ബോബി
ജീവിതം പോലെ തന്നെ മരണത്തിനു ശേഷവും റാസ്പുടിന് നിഗൂഡമായി വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. റാസ്പുടിന് എന്ന പേര് ലോകം മുഴുവന്‍ പ്രചരിപ്പിച്ച ബോണി എമ്മിലെ ബോബി ഫാരെല്‍, ഗ്രിഗറി റാസ്പുടിന്റെ നാട്ടില്‍ വച്ച് റാസ്പുട്ടിന്റെ ചരമദിനത്തില്‍ മരണമടഞ്ഞ വാര്‍ത്ത സംഗീതലോകം ഒരു ഞെട്ടലോടെയാണ് സ്വീകരിച്ചത്.
അവസാനമായി റഷ്യന്‍ മണ്ണില്‍ റാസ്പുടിന് അവതരിപ്പിച്ചപ്പോള്‍ ബോബി ഫാരെലിന്റെ മനസ്സില്‍ ഹൃദയങ്ങളെ ഹരം കൊള്ളിച്ച ഗ്രിഗൊറി റാസ്പുടിന് ഉണര്‍ന്നു കാണുമോ ..? റാസ്പുടിന് എന്ന പേരിനു മനസ്സ് കൊടുത്തിരിക്കുന്ന ചിത്രം ബോബി ഫാരെലിന്റെതാണ്,ബോണി എമ്മിന്റെതാണ്.
പിറ്റേന്ന് ഹോട്ടലിലെ വേക്ക്അപ്പ് കോളിന് ചെവി കൊടുക്കാതെ, വര്‍ണപകിട്ടുകളും ചമയങ്ങളും ഇല്ലാതെ ബോബി ഫാരെല്‍ നിശബ്ദതയുടെ ലോകത്തേയ്ക്ക് പടിയിറങ്ങി. പക്ഷെ ഒരിക്കലും പ്രായമാകാത്ത ഓര്‍മകള്‍ സംഗീത പ്രേമികളുടെ മനസ്സില്‍ നിലനില്‍ക്കും.
അയഞ്ഞ വസ്ത്രങ്ങളും ബെല്‍ ബോട്ടം പാന്റും നീട്ടിയ മുടിയും ആലസ്യം നിറഞ്ഞ കണ്ണുകളുമായി ഒരു കാലം മലയാളിക്കുമുണ്ടായിരുന്നു .മലയാളിയുടെ ഹിപ്പി കാലം .ആ കാലത്ത് ഗ്രാമമെന്നോ നഗരമെന്നോ വ്യത്യസ്സമില്ലാതെ ഒരു സംഗീതം അവരെ ചുറ്റി നിറഞ്ഞു ...ബോണി എം .
അധികം ആരും കേട്ടിട്ടില്ലാത്ത അറുബ എന്ന കരിബിയന്‍ രാജ്യവും മലയാളിയും ഒരുമിക്കുന്നതില്‍ സംഗീതം ഒരു വഴി തുറന്നിട്ടുണ്ട് .എഴുപതുകളില്‍ തുടങ്ങി ലോക ജനതയോടൊപ്പം മലയാളിയും നെഞ്ചോടു ചേര്‍ത്ത, ഒരു തലമുറയുടെയെങ്കിലും നൊസ്റ്റാള്‍ജിയയുടെ പശ്ചാത്തല സംഗീതം, ബോണി എമ്മിന്റെ മുഖം ..ബോബി ഫാരെല്‍,മൂന്ന് സ്ത്രീകളോടോത്ത് ,പല വേഷങ്ങളില്‍ മാദകമായ നൃത്തചുവടുകളുമായി ലോകം കീഴടക്കിയ ഡിസ്‌കോയുടെ പ്രവാചകന്‍ . .
റാസ്പുടിന്റെ നാടായ റഷ്യയില്‍ സെന്റ് പീറെര്‌സ്ബര്‍ഗില്‍ വച്ച് ഡിസംബര്‍ 30 നു ബോബി ഫാരെല്‍ ഓര്‍മയാവുമ്പോള്‍ വിസ്മയമാവുന്നത് സംഗീത ലോകത്ത് തന്റേതല്ലാത്ത ശബ്ദം കൊണ്ട് ഗായകനെക്കള്‍ പ്രശസ്തനായ അപൂര്‍വമായ ഒരു ജന്മമാണ് .
പതിനഞ്ചാം വയസ്സില്‍ ഒരു നാവികനാകുവാന്‍ വീട് വിട്ടതാണ് ബോബി.എന്നാല്‍ യൂറോപ്പില്‍ ഡിസ്‌കോയുടെ അലകള്‍ പടര്‍ത്തിയ ബോണി എമ്മിന്റെ അമരക്കാരനായത് സംഗീതത്തിന്റെ മാന്ത്രികത കൊണ്ടാവും.
ജര്‍മനിയില്‍ നിന്നും തുടങ്ങി മലയാള സിനിമ സംഗീതത്തില്‍ വരെ പ്രതിഫലിച്ച ബോണി എമിന്ന്‌റെ തുടക്കം ഫ്രാങ്ക് ഫരിയന്‍ എന്ന ബഹു മുഖ പ്രതിഭയില്‍ നിന്നാണ്.പോപ് സംഗീത ലോകത്തെ സാധ്യതകള്‍ തിരിച്ചറിഞ്ഞ ഗായകനും പാട്ടെഴുത്ത്കാരനും നിര്‍മാതാവും ഒക്കെയായിരുന്നു ഫരിയന്‍ . റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ബോണി എമ്മിന്റെ പ്രശസ്തമായ എല്ലാ ഗാനങ്ങളിലേയും പുരുഷ ശബ്ദം ആലപിച്ചിരിക്കുന്നത് ഫരിയാനാണ് .
സ്‌റ്റേജ് ഷോകളിലും ടെലിവിഷനിലും പ്രത്യക്ഷപെടുവാന്‍ വിമുഖത കാണിച്ചിരുന്ന ഫരിയന്റെ ആദ്യ ഗാനം 'Baby Do You Wanna Bump?' ഹിറ്റായതോടെ ടെലെവിഷനിലും വേദികളിലും അവതരിപ്പിക്കുവാന്‍ കഴിവുറ്റ ഒരു സംഘത്തെ ഫരിയന്‍ കണ്ടെത്തി. ജമൈക്ക യില്‍ നിന്നുള്ള മര്‍സിയ ബാരെറ്റ്, ലിസ് മിച്ചെല്‍, വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള മൈസീ വില്ലിംസ് അരുബയില്‍ നിന്നുള്ള ബോബി ഫാരേല്‍ എന്നിവരായുരുന്നു ബോണി എമ്മിന് മുഖം നല്‍കിയത് .ബോണി എമ്മിന്റെ ജനപ്രിയതയുടെ പ്രധാന ഘടകമായിരുന്നു ആ നാലംഗ സംഘം. ഇവരില്‍ മര്‍സിയ ബാരെട്ടും, ലിസ് മിച്ചെലുമാണ് ബോണി എമ്മിന്റെ ഗാനങ്ങള്‍ ഫരിയനോപ്പം പാടിയിരുന്നത്. സ്‌റ്റേജ് ഷോകളില്‍ മാത്രമാണ് ബോബി ഫാരെല്‍ പാടിയിരുന്നത്.
റോക്ക്, റെഗെ, ആഫ്രികന്‍ ,അമേരിക്കന്‍ ,തുടങ്ങി വിവിധ സംഗീത രീതികളുടെ സമന്വയമായിരുന്നു ബോണി എമ്മിന്റെ സംഗീതം .ഏറ്റവും യോജിച്ച മുഖങ്ങള്‍ തന്നെ ഫരിയന്‍ കണ്ടെത്തി എന്ന് പറയുന്നതാവും ശരി.
1977 ല്‍ 'ഡാഡി കൂള്‍' യൂറോപ്യന്‍ ചാര്‍ട്ട് ഹിറ്റില്‍ ഒന്നാമതായതോടെ ബോണി എം സംഗീത ലോകത്ത് ജൈത്രയാത്ര തുടങ്ങി അതോടൊപ്പം സ്‌റെജു ഷോകളിലൂടെയും റെ ക്കോഡിന്റെ മുഖചിത്രമായും ഈ നാല്‍വര്‍ സംഘം പ്രശസ്തമായി.
ഫരിയന്റെ സംഗീതവും തന്റെ കാലുകളുമാണ് ബോണി എമ്മിന്റെ വിജയ രഹസ്യം എന്നാണു ബോബി പറഞ്ഞിരുന്നത്.
അസാമാന്യമായ രംഗബോധവും നൃത്തപാടവവും സ്വന്തമാക്കിയ റോബെര്‍ടോ ബോബി അല്‍ഫോന്‍സോ ഫാരെല്‍ തന്റെ ശബ്ദത്തിന്റെ ശരീരമാണെന്നാണ് ഫ്രാങ്ക് ഫരിയന്‍ വിശേഷിപ്പിച്ചിരുന്നത്.
റാസ്പുടിന് എന്ന ഏറ്റവും പ്രശസ്തമായ ഗാനം റഷ്യയില്‍ നിരോധിച്ചിരുന്നു. എങ്കിലും എഴുപതിയെട്ടില്‍ റഷ്യയില്‍ ബ്രഷ്‌നെവിന്റെ ആതിഥെയത്തില്‍ ബോണി എം റഷ്യയില്‍ സംഗീത മേള നടത്തി. ബോണി എം ആണ് റഷ്യയില്‍ ആദ്യമായി സംഗീത മേള അവതരിപ്പിച്ച പാശ്ചാത്യസംഗീത സംഘം. പ്രത്യേക സൈനിക വിമാനത്തിലാണ് സംഗീത സംഘത്തെ രാജ്യത്തെയ്ക്ക് ആനയിച്ചത്. അതോടെ റഷ്യയിലും ബോണി എം ഒരു തരംഗമായി മാറി.
1981 ല്‍ ബോബി ഫാരെല്‍ ബോണി എമ്മില്‍ നിന്നും വിട്ടുപോയെങ്കിലും 1984 ല്‍ തിരികെ ചേര്‍ന്നു.പക്ഷെ 1986 ല്‍ ബോണി എം പിരിഞ്ഞു . എല്ലാ അംഗങ്ങളും സ്വന്തമായി സംഗീത ട്രൂപ് ആരംഭിച്ചു. ബോണി എമ്മിലൂടെ പ്രശസ്തി പരമാവധി ഉപയോഗിച്ചു.2007 ല്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മര്‍സിയ ബാരെട്ടിന്റെ സംഗീത മേള പ്രധാന ആകര്‍ഷണമായിരുന്നു. ബോബി ഫാരേലും തന്റെ പ്രകടനവുമായി ലോകം ചുറ്റിയിരുന്നു. മരണത്തിന്റെ തലേന്നും തന്റെ പ്രശസ്തമായ റാസ്പുടിന് സെന്റ് പീറെര്‌സ്ബര്‍ഗിലെ വേദിയില്‍ അവതരിപ്പിച്ചിരുന്നു.
സംഗീതത്തിന്റെ മാന്ത്രികത കൊണ്ട് മായികത തീര്‍ത്ത ബോബി ഫാരേലും ബോണി എമ്മും ആയിരുന്നില്ലേ യഥാര്‍ത്ഥ റാസ്പുടിന് .
മലയാള സിനിമ സംഗീതരംഗത്തും ബോണി എമ്മിന്റെ സ്വാധീനം വ്യക്തമാണ് ഡാഡി കൂള്‍ എന്ന സിനിമ പേര് മുതല്‍ പാട്ടുകളും പിന്നണി സംഗീതവുമായി എത്ര ഉദാഹരണങ്ങള്‍
ത്രോ ത്രോ മീനാക്ഷി പാസ് ഇറ്റ് ഓണ്‍ സാവിത്രി... (ഈനാട് 1982)
ബാലേട്ടാ ബാലേട്ടാ.. (ബാലേട്ടന്‍ 2003)
ബോബി ഫാരെലിന്റെ വിയോഗം സംഗീതം കൊണ്ട് ലോകം ഒന്നായ ഒരു കാലഘട്ടത്തെ ഓര്‍മയാക്കുന്നു. മലയാളത്തെയും മയക്കിയ സംഗീത മാന്ത്രികതയെ വീണ്ടും സ്മരണയില്‍ ഉണര്‍ത്തുന്നു .
ബോണി എമ്മിന്റെ ഏറ്റവും പ്രശസ്തമായ ചില ഗാനങ്ങള്‍
1. Brown Girl In The Ring
2. Daddy Cool
3. Hooray! Hooray! It`s A Holi-Holiday
4. Jimmy
5. Ma Baker
6. Rasputin
7. Rivers Of Babylon
8. Still I'm Sad
9. Sunny
(Published in Mathrubhumi)
dearboby@gmail.com
No comments:
Post a Comment