Thursday, December 6, 2018

ചിതറിപ്പോയ നമ്മൾ - ഡിജിറ്റൽ ലോകം 1



അതിർത്തികളില്ലാതെ ,ഭൂമി  മുഴുവൻ  പരസ്പരം ബന്ധപെട്ടിരിക്കുന്ന  നെറ്റ് വർക്കുകൾ  കൂടുതൽ കൂടുതൽ കാര്യക്ഷമമാകുന്ന 
 മൊബൈൽ ഫോണുകളും  മറ്റ് ഉപകരണങ്ങളും അല്ലെങ്കിൽ  ഇന്റർനെറ്റ്  ശക്തിപകരുന്ന ടീവി ,ഫ്രിഡ്ജ് എ സി ,കാർ അങ്ങിനെ അങ്ങിനെ ഓരോ ദിവസ്സവും കരുത്താർജിക്കുന്ന    ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (IOT) ,കൃതൃമ ബുദ്ധി (artificial intelligence ) .വിദ്യാഭ്യാസം ,ആരോഗ്യം ,ജീവിത നിലവാരം എന്നുവേണ്ട ഭൗതിക ലോകത്തിന്റെ അസംഖ്യം കാര്യങ്ങളിൽ അവിശ്വസനീയമായ 
മാറ്റങ്ങളുടെ കാലം  .

ലോകം  മുഴുവൻ ഇന്റർനെറ്റ്  ശൃംഖലയുടെ കണ്ണികളാൽ പരസ്പരം  ചേർന്ന് നിൽക്കുന്ന ഈ കാലഘട്ടം 
തന്നെയാണ്  മനുഷ്യകുലം വിഭാഗീയതയിലേക്ക്  മാറിത്തുടങ്ങിയത് അത്  മതം ,രാജ്യം ,രാഷ്ട്രീയ കാഴ്ചപ്പാടുകൾ മാത്രം ഒതുങ്ങി നിൽക്കുന്നില്ല .  ആ വിഭാഗീയ ചിന്തയുടെ വേരുകൾ എവിടെ നിന്നാവും വളർന്നു വന്നത് ?

പത്രങ്ങൾ തുടങ്ങിയ കാലം മുതൽ ഓരോ പ്രസിദ്ധീകരണവും ഓരോ കാഴ്ച്ചപാടും ഉദ്ദേശ്യവുമായാണ് പ്രചാരം ആരംഭിച്ചത് .
ഉയർന്ന ചിന്തയും ഉയർന്ന മുതൽ മുടക്കും അതിനാവശ്യമായിരുന്നു . സാമ്പത്തീക രംഗം ശക്തിപ്രാപിക്കുകയും 
പ്രസിദ്ധീകരണങ്ങൾ ലാഭകരമാവുകയും ചെയ്തത് കൂടുതൽ കച്ചവട താല്പര്യമുള്ള വരെ  ഈ രംഗത്തേയ്ക്ക് കൊണ്ടുവന്നു .
അച്ചടിരംഗത്തുണ്ടായത് 

അച്ചടി മാധ്യമങ്ങളുടെ പ്രചാരം   സാംസ്‌കാരികവും   ഭാഷപരവുമായ ഒരു ഏകതയ്ക്ക്  ഒരു പരിധി വരെ കാരണമായി .
ഈ മാറ്റത്തിന്റെ ഭാഗമായി  ആശയങ്ങളുടേയും അഭിപ്രായങ്ങളുടെയും പങ്കുവയ്ക്കലുകളും സംഭവിച്ചു .ഒരു വലിയ ജനവിഭാഗത്തിനെ സ്വാധീനിക്കാൻ കഴിവുള്ള ശക്തിയായി  പല പ്രസിദ്ധീകരണങ്ങളും മാറി.

അച്ചടി മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രായം ,ജീവിതനിലവാരം ,മതം ,ജാതി ,സ്ത്രീകൾക്കു വേണ്ടിയുള്ളത്  പുരുഷന്മാർക്കുവേണ്ടിയുള്ളത് എന്നിങ്ങനെ നിരവധി പ്രസിദ്ധീകരണങ്ങൾ നിലവിൽ വന്നു  .എന്നിരുന്നാലും  ഒരു സാമാന്യ ബോധമുള്ള എഡിറ്ററുടെ സ്വാധീനം പലപ്പോഴും മിക്കവാറും എല്ലാ പ്രസിദ്ധീകരണങ്ങളിലും  ഒരു കാലം വരെ  പുരോഗമനപരമായ കാഴ്ചപ്പാട് നിലനിർത്തിയിരുന്നു . പലപ്പോഴും അനീതിയ്ക്കു നേരെ വിരൽ ചൂണ്ടുന്ന, സമൂഹത്തിലെ തിന്മകൾക്കെതിരെ 
ശക്തമായി താക്കീതു നൽകുന്ന സാമൂഹ്യനീതിയുടെ ഒരു കാവലായി മാറി .  

സ്വകാര്യവത്കരണവും , ആഗോളവത്കരണവും  സാമ്പത്തികരംഗത്തെ ഉണർത്തി  വ്യവസായ വളർച്ചയും മധ്യവര്ഗ്ഗത്തിന്റെ സാമ്പത്തീക ഉന്നമനവും    പരസ്യവിപണിയുടെ  വളർച്ചയ്ക്ക്  വളക്കൂറായി പിന്നീട്     ധ്രുതഗതിയിലെ വളർച്ചയാണ് അച്ചടിമാധ്യമ രംഗത്തുണ്ടായത്  . ടെലിവിഷൻ രംഗവും സമാനമായ രീതിയിലാണ് വളർച്ച പ്രാപിച്ചത്  ആദ്യം പല പരിപാടികളുള്ള ചാനലുകളിൽ നിന്നും ഓരോ വിഭാഗത്തിനായുള്ള ചാനലുകൾ എന്ന രീതിയിൽ മാറ്റം സംഭവിച്ചു .

ഈ  മാറ്റങ്ങളുടേയും മത്സരങ്ങളുടേയും ലോകത്തേയ്ക്കാണ് ഇന്റർനെറ്റ് കടന്നെത്തിയത് ഇമെയിൽ, വെബ്‌സൈറ്റ് ,സെർച്ച് ,ചാറ്റിങ് അങ്ങിനെ പതിയെ പതിയെ പുതിയ മാധ്യമം കടന്നെത്തിയത് മനുഷ്യന്റെ ഉള്ളിലെ ലോകത്തേയ്ക്കായിരുന്നു അതൊരു പുതിയ 
ലോകമായിരുന്നു എല്ലാം മറന്നു പുതിയ ലോകത്തെ പുണർന്നപ്പോൾ അതുവരെ നിലവിലില്ലാതിരുന്ന പരസ്യതന്ത്രങ്ങളും 
മാർക്കറ്റിംഗ് രീതികളും ഓരോ ഉപഭോക്താവിന്റെയും  താൽപര്യങ്ങളിൽ വേരൂന്നി വളരുകയായിരുന്നു . 

Saturday, December 1, 2018

എന്തുകൊണ്ടാണ് മാധ്യമങ്ങൾ മാറുന്നത് ?


 എന്തുകൊണ്ടാണ് മാധ്യമങ്ങൾ മാറുന്നത് ?

ഓരോ കാലഘട്ടങ്ങളിലും  മനുഷ്യന്റെ വിനിമയ മാർഗങ്ങൾ  മാറിക്കൊണ്ടേയിരിക്കും 
അതുവരെ നിലനിന്നിരുന്ന മാധ്യമരീതികളെ പൂർണമായി തന്നെ മാറ്റിനിർത്തികൊണ്ടോ  കൂടുതൽ കാര്യക്ഷമവും എളുപ്പത്തിൽ പ്രചരിക്കുന്നതുമായ മാർഗങ്ങളെ ഉൾക്കൊണ്ടു കൊണ്ടും പുതിയ  മാറ്റങ്ങളിലൂടെ കടന്നു പോകും  

സഹസ്രാബ്ദങ്ങൾക്കു മുൻപ് മനുഷ്യൻ മരത്തിലും കല്ലിലും വരച്ചു വച്ച സൂചകങ്ങൾ ഇപ്പോഴും  നമ്മോട് സംവേദിച്ചു കൊണ്ടേയിരിക്കുന്നു . ഏതൊരു മനുഷ്യനും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന സന്ദേശങ്ങൾ ശിലാഫലകങ്ങളിൽ വായിച്ചെടുക്കാം .ഒരു പരസ്യബോർഡിന്റെ ദൗത്യവും മറ്റൊന്നല്ല എങ്കിലും പരസ്യ ബോർഡുകൾ വെബ് സൈറ്റ് ബാനറുകളായി 
മാറുമ്പോൾ ഉണ്ടാകുന്ന മാറ്റം എത്ര വലുതാണ് .

ഗ്രാമങ്ങൾ തമ്മിൽ തീയും പുകയും ഉയർത്തി പരസ്പരം സൂചനകൾ നൽകിയ പുരാതനമായ കാലത്തിൽ നിന്നും  കയ്യിലൊതുങ്ങുന്ന ഫോണിലേക്ക് സന്ദേശങ്ങൾ കൈമാറുന്ന കാലത്തേയ്ക്ക് വിനിമയ രീതികൾ മാറി .
വില്പനശാലയിലേക്കു മുന്നിലൂടെ കടന്നു പോകുന്ന ജനക്കൂട്ടത്തിൽ നിന്നും  ആവശ്യക്കാരെ വിളിച്ചു വരുത്തിയിരുന്ന  പരസ്യ രീതി യിൽ നിന്നും ആവശ്യക്കാരനെ കൃത്യമായി കണ്ടെത്തി  ഉൽപന്നം നേരിട്ട് വിറ്റഴിക്കുന്ന രീതിയിലേക്ക് പുതിയ കാലഘട്ടം വഴി തുറന്നു.പ്രാവുകളിൽ നിന്നും  സന്ദേശവാഹകരിൽ  നിന്നും ടെലിഫോൺ വാർത്താവിതരണം ഏറ്റെടുത്തെങ്കിലും ഡിജിറ്റൽ ,ഇന്റർനെറ്റ് ,ഇമെയിൽ  സാങ്കേതികതയുടെ കടന്നു വരവ്  സർവ്വ രംഗത്തും മാറ്റങ്ങളുടെ  കൊടുങ്കാറ്റ്‌ ഉയർത്തി .വിവരസാങ്കേതികരംഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ഒരു കുഞ്ഞുഗ്രാമമായി മാറ്റി .

ഡിജിറ്റൽ സാങ്കേതികവിദ്യ വഴിതെളിച്ചത് പല കാര്യങ്ങളുടെയും ഒത്തുചേരലിനായിരുന്നു(convergence ) .അതു വരെ നിലനിന്നിരുന്ന പല മേഖലകളേയും  തകർത്ത് കൂടുതൽ കാര്യക്ഷമമായതും സുതാര്യവുമായ പുതിയ മാർഗങ്ങളും പരിഹാരങ്ങളും ഉണ്ടായി തീർന്നു .

ഡിജിറ്റൽ  വിപ്ലവം ഏറ്റവും സ്വാധീനിച്ച മാധ്യമ ,പരസ്യ ,വിപണി മേഖലകളെ കുറിച്ച് ചില ചിന്തകൾ 

Wednesday, June 22, 2011

റാ-റാ-റാസ്​പുട്ടിന്റെ മരണം


റാ-റാ-റാസ്​പുട്ടിന്റെ മരണം
Posted on: 08 Jan 2011
-ബോബി




ജീവിതം പോലെ തന്നെ മരണത്തിനു ശേഷവും റാസ്​പുടിന്‍ നിഗൂഡമായി വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. റാസ്​പുടിന്‍ എന്ന പേര് ലോകം മുഴുവന്‍ പ്രചരിപ്പിച്ച ബോണി എമ്മിലെ ബോബി ഫാരെല്‍, ഗ്രിഗറി റാസ്​പുടിന്റെ നാട്ടില്‍ വച്ച് റാസ്​പുട്ടിന്റെ ചരമദിനത്തില്‍ മരണമടഞ്ഞ വാര്‍ത്ത സംഗീതലോകം ഒരു ഞെട്ടലോടെയാണ് സ്വീകരിച്ചത്.

അവസാനമായി റഷ്യന്‍ മണ്ണില്‍ റാസ്​പുടിന്‍ അവതരിപ്പിച്ചപ്പോള്‍ ബോബി ഫാരെലിന്റെ മനസ്സില്‍ ഹൃദയങ്ങളെ ഹരം കൊള്ളിച്ച ഗ്രിഗൊറി റാസ്​പുടിന്‍ ഉണര്‍ന്നു കാണുമോ ..? റാസ്​പുടിന്‍ എന്ന പേരിനു മനസ്സ് കൊടുത്തിരിക്കുന്ന ചിത്രം ബോബി ഫാരെലിന്റെതാണ്,ബോണി എമ്മിന്റെതാണ്.



പിറ്റേന്ന് ഹോട്ടലിലെ വേക്ക്അപ്പ് കോളിന് ചെവി കൊടുക്കാതെ, വര്‍ണപകിട്ടുകളും ചമയങ്ങളും ഇല്ലാതെ ബോബി ഫാരെല്‍ നിശബ്ദതയുടെ ലോകത്തേയ്ക്ക് പടിയിറങ്ങി. പക്ഷെ ഒരിക്കലും പ്രായമാകാത്ത ഓര്‍മകള്‍ സംഗീത പ്രേമികളുടെ മനസ്സില്‍ നിലനില്‍ക്കും.

അയഞ്ഞ വസ്ത്രങ്ങളും ബെല്‍ ബോട്ടം പാന്റും നീട്ടിയ മുടിയും ആലസ്യം നിറഞ്ഞ കണ്ണുകളുമായി ഒരു കാലം മലയാളിക്കുമുണ്ടായിരുന്നു .മലയാളിയുടെ ഹിപ്പി കാലം .ആ കാലത്ത് ഗ്രാമമെന്നോ നഗരമെന്നോ വ്യത്യസ്സമില്ലാതെ ഒരു സംഗീതം അവരെ ചുറ്റി നിറഞ്ഞു ...ബോണി എം .

അധികം ആരും കേട്ടിട്ടില്ലാത്ത അറുബ എന്ന കരിബിയന്‍ രാജ്യവും മലയാളിയും ഒരുമിക്കുന്നതില്‍ സംഗീതം ഒരു വഴി തുറന്നിട്ടുണ്ട് .എഴുപതുകളില്‍ തുടങ്ങി ലോക ജനതയോടൊപ്പം മലയാളിയും നെഞ്ചോടു ചേര്‍ത്ത, ഒരു തലമുറയുടെയെങ്കിലും നൊസ്റ്റാള്‍ജിയയുടെ പശ്ചാത്തല സംഗീതം, ബോണി എമ്മിന്റെ മുഖം ..ബോബി ഫാരെല്‍,മൂന്ന് സ്ത്രീകളോടോത്ത് ,പല വേഷങ്ങളില്‍ മാദകമായ നൃത്തചുവടുകളുമായി ലോകം കീഴടക്കിയ ഡിസ്‌കോയുടെ പ്രവാചകന്‍ . .

റാസ്​പുടിന്റെ നാടായ റഷ്യയില്‍ സെന്റ് പീറെര്‌സ്ബര്‍ഗില്‍ വച്ച് ഡിസംബര്‍ 30 നു ബോബി ഫാരെല്‍ ഓര്‍മയാവുമ്പോള്‍ വിസ്മയമാവുന്നത് സംഗീത ലോകത്ത് തന്റേതല്ലാത്ത ശബ്ദം കൊണ്ട് ഗായകനെക്കള്‍ പ്രശസ്തനായ അപൂര്‍വമായ ഒരു ജന്മമാണ് .

പതിനഞ്ചാം വയസ്സില്‍ ഒരു നാവികനാകുവാന്‍ വീട് വിട്ടതാണ് ബോബി.എന്നാല്‍ യൂറോപ്പില്‍ ഡിസ്‌കോയുടെ അലകള്‍ പടര്‍ത്തിയ ബോണി എമ്മിന്റെ അമരക്കാരനായത് സംഗീതത്തിന്റെ മാന്ത്രികത കൊണ്ടാവും.

ജര്‍മനിയില്‍ നിന്നും തുടങ്ങി മലയാള സിനിമ സംഗീതത്തില്‍ വരെ പ്രതിഫലിച്ച ബോണി എമിന്ന്‌റെ തുടക്കം ഫ്രാങ്ക് ഫരിയന്‍ എന്ന ബഹു മുഖ പ്രതിഭയില്‍ നിന്നാണ്.പോപ് സംഗീത ലോകത്തെ സാധ്യതകള്‍ തിരിച്ചറിഞ്ഞ ഗായകനും പാട്ടെഴുത്ത്കാരനും നിര്‍മാതാവും ഒക്കെയായിരുന്നു ഫരിയന്‍ . റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ബോണി എമ്മിന്റെ പ്രശസ്തമായ എല്ലാ ഗാനങ്ങളിലേയും പുരുഷ ശബ്ദം ആലപിച്ചിരിക്കുന്നത് ഫരിയാനാണ് .



സ്‌റ്റേജ് ഷോകളിലും ടെലിവിഷനിലും പ്രത്യക്ഷപെടുവാന്‍ വിമുഖത കാണിച്ചിരുന്ന ഫരിയന്റെ ആദ്യ ഗാനം 'Baby Do You Wanna Bump?' ഹിറ്റായതോടെ ടെലെവിഷനിലും വേദികളിലും അവതരിപ്പിക്കുവാന്‍ കഴിവുറ്റ ഒരു സംഘത്തെ ഫരിയന്‍ കണ്ടെത്തി. ജമൈക്ക യില്‍ നിന്നുള്ള മര്‍സിയ ബാരെറ്റ്, ലിസ് മിച്ചെല്‍, വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള മൈസീ വില്ലിംസ് അരുബയില്‍ നിന്നുള്ള ബോബി ഫാരേല്‍ എന്നിവരായുരുന്നു ബോണി എമ്മിന് മുഖം നല്‍കിയത് .ബോണി എമ്മിന്റെ ജനപ്രിയതയുടെ പ്രധാന ഘടകമായിരുന്നു ആ നാലംഗ സംഘം. ഇവരില്‍ മര്‍സിയ ബാരെട്ടും, ലിസ് മിച്ചെലുമാണ് ബോണി എമ്മിന്റെ ഗാനങ്ങള്‍ ഫരിയനോപ്പം പാടിയിരുന്നത്. സ്‌റ്റേജ് ഷോകളില്‍ മാത്രമാണ് ബോബി ഫാരെല്‍ പാടിയിരുന്നത്.

റോക്ക്, റെഗെ, ആഫ്രികന്‍ ,അമേരിക്കന്‍ ,തുടങ്ങി വിവിധ സംഗീത രീതികളുടെ സമന്വയമായിരുന്നു ബോണി എമ്മിന്റെ സംഗീതം .ഏറ്റവും യോജിച്ച മുഖങ്ങള്‍ തന്നെ ഫരിയന്‍ കണ്ടെത്തി എന്ന് പറയുന്നതാവും ശരി.




1977 ല്‍ 'ഡാഡി കൂള്‍' യൂറോപ്യന്‍ ചാര്‍ട്ട് ഹിറ്റില്‍ ഒന്നാമതായതോടെ ബോണി എം സംഗീത ലോകത്ത് ജൈത്രയാത്ര തുടങ്ങി അതോടൊപ്പം സ്‌റെജു ഷോകളിലൂടെയും റെ ക്കോഡിന്റെ മുഖചിത്രമായും ഈ നാല്‍വര്‍ സംഘം പ്രശസ്തമായി.

ഫരിയന്റെ സംഗീതവും തന്റെ കാലുകളുമാണ് ബോണി എമ്മിന്റെ വിജയ രഹസ്യം എന്നാണു ബോബി പറഞ്ഞിരുന്നത്.
അസാമാന്യമായ രംഗബോധവും നൃത്തപാടവവും സ്വന്തമാക്കിയ റോബെര്‍ടോ ബോബി അല്‍ഫോന്‍സോ ഫാരെല്‍ തന്റെ ശബ്ദത്തിന്റെ ശരീരമാണെന്നാണ് ഫ്രാങ്ക് ഫരിയന്‍ വിശേഷിപ്പിച്ചിരുന്നത്.

റാസ്​പുടിന്‍ എന്ന ഏറ്റവും പ്രശസ്തമായ ഗാനം റഷ്യയില്‍ നിരോധിച്ചിരുന്നു. എങ്കിലും എഴുപതിയെട്ടില്‍ റഷ്യയില്‍ ബ്രഷ്‌നെവിന്റെ ആതിഥെയത്തില്‍ ബോണി എം റഷ്യയില്‍ സംഗീത മേള നടത്തി. ബോണി എം ആണ് റഷ്യയില്‍ ആദ്യമായി സംഗീത മേള അവതരിപ്പിച്ച പാശ്ചാത്യസംഗീത സംഘം. പ്രത്യേക സൈനിക വിമാനത്തിലാണ് സംഗീത സംഘത്തെ രാജ്യത്തെയ്ക്ക് ആനയിച്ചത്. അതോടെ റഷ്യയിലും ബോണി എം ഒരു തരംഗമായി മാറി.



1981 ല്‍ ബോബി ഫാരെല്‍ ബോണി എമ്മില്‍ നിന്നും വിട്ടുപോയെങ്കിലും 1984 ല്‍ തിരികെ ചേര്‍ന്നു.പക്ഷെ 1986 ല്‍ ബോണി എം പിരിഞ്ഞു . എല്ലാ അംഗങ്ങളും സ്വന്തമായി സംഗീത ട്രൂപ് ആരംഭിച്ചു. ബോണി എമ്മിലൂടെ പ്രശസ്തി പരമാവധി ഉപയോഗിച്ചു.2007 ല്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മര്‍സിയ ബാരെട്ടിന്റെ സംഗീത മേള പ്രധാന ആകര്‍ഷണമായിരുന്നു. ബോബി ഫാരേലും തന്റെ പ്രകടനവുമായി ലോകം ചുറ്റിയിരുന്നു. മരണത്തിന്റെ തലേന്നും തന്റെ പ്രശസ്തമായ റാസ്​പുടിന്‍ സെന്റ് പീറെര്‌സ്ബര്‍ഗിലെ വേദിയില്‍ അവതരിപ്പിച്ചിരുന്നു.

സംഗീതത്തിന്റെ മാന്ത്രികത കൊണ്ട് മായികത തീര്‍ത്ത ബോബി ഫാരേലും ബോണി എമ്മും ആയിരുന്നില്ലേ യഥാര്‍ത്ഥ റാസ്​പുടിന്‍ .
മലയാള സിനിമ സംഗീതരംഗത്തും ബോണി എമ്മിന്റെ സ്വാധീനം വ്യക്തമാണ് ഡാഡി കൂള്‍ എന്ന സിനിമ പേര് മുതല്‍ പാട്ടുകളും പിന്നണി സംഗീതവുമായി എത്ര ഉദാഹരണങ്ങള്‍

ത്രോ ത്രോ മീനാക്ഷി പാസ് ഇറ്റ് ഓണ്‍ സാവിത്രി... (ഈനാട് 1982)
ബാലേട്ടാ ബാലേട്ടാ.. (ബാലേട്ടന്‍ 2003)
ബോബി ഫാരെലിന്റെ വിയോഗം സംഗീതം കൊണ്ട് ലോകം ഒന്നായ ഒരു കാലഘട്ടത്തെ ഓര്‍മയാക്കുന്നു. മലയാളത്തെയും മയക്കിയ സംഗീത മാന്ത്രികതയെ വീണ്ടും സ്മരണയില്‍ ഉണര്‍ത്തുന്നു .

ബോണി എമ്മിന്റെ ഏറ്റവും പ്രശസ്തമായ ചില ഗാനങ്ങള്‍

1. Brown Girl In The Ring
2. Daddy Cool
3. Hooray! Hooray! It`s A Holi-Holiday
4. Jimmy
5. Ma Baker
6. Rasputin
7. Rivers Of Babylon
8. Still I'm Sad
9. Sunny




(Published in Mathrubhumi)
dearboby@gmail.com